കളമശ്ശേരി : വെള്ളിയാഴ്ച് രാത്രി 11:30 മണിക്ക് കളമശ്ശേരി കിന്‍ഡർ ആശുപത്രിയുടെ മുന്‍വശത്തു വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശി യോഹന്നാൻ ആണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ആശുപത്രിക്ക് മുന്നിൽ വെച്ച് സുഹൃത്തുക്കളുമായി സംസാരിച്ചു നില്ക്കവേ യാതൊരു പ്രകോപനവുമില്ലാതെ അഞ്ചോളം പേര് ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. യോഹന്നാന് ഒരു മാസം മുന്‍പ് ജോലി ചെയ്തിരുന്ന ചമ്പക്കരയിലുള്ള വിന്‍സെന്റ് എന്നയാളുടെ കുടിവെള്ള വിതരണ സ്ഥാപനത്തിലെ തൊഴിലാളികളാണ് ആക്രമിച്ചവര്‍. റമദ ഹോട്ടലിലെ കുടിവെള്ള വിതരണം നിന്നു പോകുവാന്‍ കാരണക്കാരൻ യോഹന്നാനാണ് എന്ന് ആരോപിച്ചാണ് ഇയാളെ അതിക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യോഹന്നാന് ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ആസ്റ്റർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കുവേണ്ടി കളമശ്ശേരി ഇന്‍സ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിൽ സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയും, പ്രതികളില്‍ രണ്ട് പേർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുള്ള പോലീസിന്റെ സഹായത്തോടെ കളമശ്ശേരി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ, മുടക്കൽ, വൈശാഖം വീട്ടിൽ ശശിധരൻ പിള്ള മകൻ 39 വയസുള്ള രാഹുൽ. ഇയാളുടെ സഹോദരൻ 45 വയസുള്ള രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്. കളമശ്ശേരി SI സുബൈര്‍, ASI ബദര്‍, SCPO മാരായ ബിജു, ശ്രീജിത്ത്, ശ്രീജിഷ്, CPO ഷിബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave a Reply