ഏലൂർ : ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശികളായ 2 പ്രതികളെ പിടികൂടി. ജിന്നത്ത് അലി മണ്ഡൽ (22) മൊഫാജൽ ഹൊസ്സൻ(35) എന്നിവരെയാണ് ഏലൂർ പോലിസ് പിടികൂടിയത്. 03.11.2023 തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുപ്പത്തടം സ്വദേശിയായ യുവതിയുടെ മൊബൈൽ ഫോണിലേക്ക് പ്രതികൾ ATM കാർഡ് പുതുക്കുവാൻ എന്ന വ്യാജേന മെസേജുകൾ അയക്കുകയും മെസേജിലുള്ള ലിങ്ക് ക്ലിക്ക് ചെയ്ത യുവതിക്ക് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം വെസ്റ്റ് ബംഗാളിലെ ബംഗാൾ-ബംഗ്ലാദേശ് ബോർഡർ പ്രദേശമായ ഹിലി എന്ന സ്ഥലത്തുള്ള എസ്.ബി.ഐ ബ്രാഞ്ചിലുള്ള പ്രതികളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫറാവുകയും അവിടെ നിന്ന് ഒന്നാം പ്രതി കുറച്ച് പണം ATM വഴി പിൻവലിച്ചതിന് ശേഷം ബാലൻസ് തുക രണ്ടാം പ്രതിയുടെ അതേ ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് ഓൺലൈൻ വഴി കൈമാറ്റം ചെയ്യുകയും തുടർന്ന് രണ്ടാം പ്രതി ATM വഴി പണം പിൻവലിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.എസ് സുദർശൻ IPS ന്റെ നിർദേശപ്രകാരം ഏലൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച് ഒ എം.കെ ഷാജിയുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ ഗോപകമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ്, സിവിൽ പോലീസ് ഓഫീസർ ജിജൊ എന്നിവർ വെസ്റ്റ് ബംഗാൾ-ബംഗ്ലാദേശ് ഇൻർനാഷണൽ ബോർഡർ സീറൊ ലൈനിൽ നോമാൻസ് ലാൻറിലുള്ള ബോർഡർ പ്രദേശമായ ഹരിപുക്കൂർ എന്ന സ്ഥലത്ത് BSF ന്റെയും ഹിലി പോലീസിന്റെയും സഹായത്തോടെ 21.03.24 തീയതി രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്ത് നിയമാനുസരണം ബാലൂർഘട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവന്ന് പ്രതികളെ കളമശ്ശേരി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസ്സത്തേക്ക് റിമാൻറ് ചെയ്തു.
Leave a Reply