എറണാകുളം : വിദേശത്ത് ജോലിക്കായി വിസ ശരിയാക്കിതരാം എന്നു വാഗ്ദാനം നല്കി മുന്നൂറിലധികം ചെറുപ്പക്കാരെ വിശ്വാസ വഞ്ചന നടത്തി പണം തട്ടിയ പാലാരിവട്ടം തമ്മനം ഭാഗത്ത് Cannan International Eduaction Pvt Ltd എന്ന സ്ഥാപനം നടത്തിവന്ന ഇടുക്കി തൊടുപുഴ കോലാനി സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ജയ്‌സൺ എന്നു വിളിക്കുന്ന കണ്ണൻ തങ്കപ്പൻ (40 വയസ്സ്) എന്നയാളെയാണ് പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്ത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ എറണാകുളം നോർത്ത് പറവൂർ സ്വദേശിനിയുടെ പരാതിയിലും കോഴിക്കോട് സ്വദേശിയുടെ പരാതിയിലും പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കേസ്സുകൾ നിലവിലുണ്ട്. പ്രതിയും ഭാര്യ ജെൻസി ദേവസ്സിയും ചേർന്ന് 2018 ലാണ് Cannan International Eduaction Pvt Ltd എന്ന സ്ഥാപനം ആദ്യം തൊടുപുഴയിലും പിന്നീട് 2021 ൽ എറണാകുളം തമ്മനത്തും പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ പരസ്യം വിവിധ പത്ര സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി നൽകി കേരളത്തിലെ വിവിധ ജില്ലകളിലുള്ള ചെറുപ്പക്കാരായ ഉദ്യോഗാർത്ഥികളെ കാനഡ, ഓസ്ട്രേലിയ, അർമേനിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട് ലിത്വാനിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലിയും വിസയും വാഗ്‌ദാനം ചെയ്ത് 4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ ചെലവു വരുമെന്ന് കാണിച്ച് കരാറെഴുതിയ ശേഷം പ്രതികൾ അഡ്വാൻസ് തുകയായി ഒരു ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ വാങ്ങിയെടുത്ത് വ്യാജമായി ഉണ്ടാക്കിയെടുത്ത വിവിധ ഭാഷകളിലുള്ള സർട്ടിഫിക്കറ്റുകൾ വിസയാണെന്ന് കാണിച്ച് ഉദ്യോഗാർത്ഥികളുടെ ഇമെയിലിലേക്ക് അയച്ച് വിശ്വസിപ്പിച്ച ശേഷം ബാക്കി തുക വാങ്ങി വിസ ക്യാൻസലായി എന്നും മറ്റും പറഞ്ഞ് പണം തട്ടിയെടുക്കുന്നതാണ് പ്രതികളുടെ രീതി. ഏതാനും മാസങ്ങൾക്കു മുമ്പ് പാലാരിവട്ടം പോലിസ് മറ്റൊരു സമാന കേസിന്റെ അന്വേഷണത്തിനിടയിൽ ദില്ലിയിൽ നിന്നും ടിയാനെ അറസ്റ്റ് ചെയ്‌തു കോടതിയിൽ ഹാജരാക്കിയ സമയം ചില സാങ്കേതിക ആനുകൂല്യങ്ങളുടെ പേരിൽ ജാമ്യം ലഭിക്കുകയായിരുന്നു. അതിനുശേഷം മുങ്ങിയ പ്രതി ഡൽഹിയിലും പിന്നീട് വ്യാജ അഡ്രസ്സിൽ എടുത്ത മറ്റൊരു പാസ്പോർട്ടുമായി വിദേശത്തും ഒളിവിൽ തങ്ങുകയായിരുന്നു. പഴുതടച്ച പോലീസ് അന്വേഷണത്തിലൂടെ ടിയാൻ നാട്ടിൽ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയ പാലാരിവട്ടം പോലീസ് നടത്തിയ രഹസ്യ നീക്കത്തിൽ World Human Rights Commission അംഗം ആണെന്ന് നാട്ടുകാരെ വിശ്വാസിപ്പിച്ച് തൊടുപുഴയിൽ ഒളിവിൽ കഴിയവേ പിടിക്കപ്പെടുകയായിരുന്നു. പ്രതിക്കെതിരെ ഇടുക്കി, പത്തനം തിട്ട എറണാകുളം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ നിലവിലുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് ശ്യാംസുന്ദർ IPS ന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.എസ്. സുദർശൻ IPS ന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിലെ സബ്ബ് ഇൻസ്പെക്ടർമാരായ രവികുമാർ വി, സണ്ണി ജെ അജിനാഥപിള്ള സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇഗ്നേഷ്യസ്, അനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Leave a Reply