മട്ടാഞ്ചേരി : മട്ടാഞ്ചേരി സ്വദേശി അനു എന്ന് വിളിക്കുന്ന അൻസാം (28 വയസ്സ്) എന്നയാളെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ കഴിഞ്ഞ മാസം കാപ്പ ചുമത്തി നാടുകടത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ IPS ഉത്തരവിറക്കിയിരുന്നതാണ്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ 6 മാസ കാലത്തേക്ക് കടക്കുവാനോ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുവാനോ പാടില്ല എന്നുള്ളതായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവ് ലംഘിച്ച് കൊണ്ട് ഇയാൾ ഇന്നലെ രാത്രി വീണ്ടും മട്ടാഞ്ചേരിയിൽ കാണപ്പെട്ടതിനെ തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് പോലീസ് വാഹനത്തിൽ കയറ്റിയപ്പോൾ അക്രമാസക്തനായ പ്രതി തലകൊണ്ട് വാഹനത്തിന്റെ ചില്ല് തകർക്കുകയായിരുന്നു. മട്ടാഞ്ചേരി സ്വദേശിയായ അൻസാം മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെയും കൊച്ചി സിറ്റിയിലെ മറ്റു സ്റ്റേഷനുകളിലെയും മോഷണം, ദേഹോപദ്രവം, കവർച്ച, മുതലുകൾ നശിപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ളയാളാണ്. പല തവണ ജയിലില്‍ കിടന്നിട്ടുള്ളതും ശിക്ഷ അനുഭവിച്ചിട്ടുള്ളതുമായ ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരികയും തുടർന്ന് ഇയാളെ കാപ്പ നിയമ പ്രകാരം 6 മാസത്തേക്ക് നാടുകടത്തുകയുമായിരുന്നു. മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണര്‍ കിരൺ പി.ബി IPS ന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് സ്റ്റേഷ൯ ഇന്‍സ്പെക്ടര്‍ ഷിബിൻ കെ.എ യുടെ നേതൃത്വത്തിൽ എസ്. ഐ മാരായ ജിമ്മി ജോസ്, ജയപ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വീനീഷ്. ബിനീഷ്, രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഫെബിൻ, റെജിമോൻ, വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Leave a Reply