കൊച്ചി : കൊച്ചി സിറ്റി പരിധിയിൽ വിവിധ കേസുകളിൽ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയും ആയിരുന്ന ചേരാനല്ലൂർ, മാരാപ്പറമ്പ്, വാരിയത്ത് വീട്ടിൽ സെബാസ്റ്റ്യൻ സേവ്യർ മകൻ 23 വയസ്സുളള അരുൾ സെബാസ്റ്റ്യൻ എന്നയാളെയാണ് കാപ്പാ നിയമപ്രകാരം നാടുകടത്തിയത്. ചേരാനല്ലൂർ സ്വദേശിയായ അരുൾ കൊച്ചി സിറ്റിയിലെ ചേരാനല്ലൂർ, എളമക്കര, കളമശ്ശേരി, എറണാകുളം സെൻട്രൽ മുതലായ വിവിധ സ്റ്റേഷനുകളിൽ നരഹത്യാശ്രമം, മോഷണം, ദേഹോപദ്രവം ഏൽപ്പിക്കുക, ഭവനഭേദനം, തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ളയാളാണ്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടർന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ. പുട്ട വിമലാദിത്യ IPS ന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാടുകടത്തിയത്. കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിനും ടി പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ടിയാനെ 6 മാസകാലത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്. ഈ ഉത്തരവ് ലംഘിച്ചാൽ ടിയാന് മൂന്നുവർഷം വരെ നീളാവുന്ന കാലാവധിക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Leave a Reply