എറണാകുളം : പശ്ചിമകൊച്ചിയിൽ കഴിഞ്ഞ ആഴ്ചയിൽ പോലീസ് നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത MDMA ഉൾപ്പെടെയുള്ള മയക്കുമരുന്ന് കേസ്സിലെ കണ്ണിയായ തോപ്പുംപടി കരുവേലിപ്പടി സ്വദേശിയായ ഇസ്മയിൽ സേഠ് (24 വയസ്സ്) നെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ആഴ്ചയിൽ പശ്ചിമകൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ MDMA, കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായി ഒരു യുവതി ഉൾപ്പെടെ 6 പേരെയും, തുടർന്ന് മട്ടാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് എത്തിച്ച് നല്കിയിരുന്ന യുവതിയെയും പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇസ്മയിൽ സേഠ് മട്ടാഞ്ചേരി പോലീസിന്റെ പിടിയിലാകുന്നത്. നേരത്തേ പിടിയിലായ മയക്കുമരുന്ന് എത്തിച്ച് നല്കിയിരുന്ന യുവതിയെ മയക്കുമരുന്ന് വിതരണത്തിനായി വാഹനത്തിൽ എത്തിച്ചിരുന്നത് ഇസ്മയിൽ സേഠാണ്. കൂടാതെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഇയാളുടെ അക്കൌണ്ടിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുള്ളതുമാണ്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി IPS, കൺട്രോൾ റും പോലീസ് അസ്സിസ്റ്റന്റ് കമ്മീഷണർ പി.എച്ച്. ഇബ്രാഹിം , നാർകോട്ടിക് സെൽ അസ്സിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ സലാം കെ.എ എന്നിവരുടെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിബിൻ കെ.എ യുടെ നേതൃത്വത്തിൽ, സബ്ബ് ഇൻസ്പെകടർ ജിമ്മി ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എഡ്വിൻ റോസ്, അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, ഉമേഷ് ഉദയൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Leave a Reply