കൊച്ചി : പശ്ചിമകൊച്ചിയിൽ ജനുവരി മാസം പോലീസ് നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത MDMA ഉൾപ്പെടെയുള്ള മയക്കുമരുന്ന് കേസ്സിലെ പ്രതികൾക്ക് മയ്കക്കുമരുന്ന് സപ്ലൈ ചെയ്ത മലപ്പുറം നെടിയിരുപ്പ് സ്വദേശിയായ ആഷിക്ക് (27 വയസ്സ്) നെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. ജനുവരി മാസത്തിൽ പശ്ചിമകൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ MDMA, കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായി ഒരു യുവതി ഉൾപ്പെടെ 6 പേരെ പിടികൂടിയിരുന്നു. കഴിഞ്ഞ ജനുവരി 30ന് മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക്, മഹാരാഷ്ട്ര പൂനെ സ്വദേശിനി അയേഷ ഗഫർ സയെദ് എന്നിവരെ മട്ടാഞ്ചേരിയിലുള്ള ഒരു ഹോട്ടലിൽ നിന്ന് 300 ഗ്രാമിനടുത്ത് MDMAയും, 6.8 ഗ്രാം കഞ്ചാവും, 3 ലക്ഷത്തിനടുത്ത് രൂപയും ഒമാൻ കറൻസിയുമായി മട്ടാഞ്ചേരി പോലീസ് പിടികൂടുകയും, തുടർന്ന് ലോക്കൽ പോലീസും DANSAF ഉം ചേർന്ന് പശ്ചിമകൊച്ചിയിൽ നടത്തിയ അന്വേഷണത്തിൽ മറ്റ് 4 പേരെ കൂടി മയക്കുമരുന്നുമായി പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് മട്ടാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് എത്തിച്ച് നല്കിയിരുന്ന വൈപ്പിൻ സ്വദേശിനിയായ മാഗി ആഷ്ന എന്ന യുവതിയെ ഫെബ്രുവരി 1 ന് വൈപ്പിനിൽ നിന്നും, ഇവരുടെ സംഘത്തിൽപ്പെട്ട മട്ടാഞ്ചേരി സ്വദേശിയായ ഇസ്മയിൽ സേഠ് എന്ന യുവാവിനെ ഫെബ്രുവരി 5 ന് മട്ടാഞ്ചേരിയിൽ നിന്നും പിടികൂടിയിരുന്നു. തുടർന്ന് മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആഷിക്കിനെക്കുറിച്ച് വിവരം ലഭിച്ചത്. ഒമാനിൽ 5 വർഷമായി സൂപ്പർമാർക്കറ്റ് ലീസിന് എടുത്ത് നടത്തുകയായിരുന്ന ആഷിക്ക് ഒമാനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് MDMA വാങ്ങി കൊച്ചി, കരീപ്പൂർ വിമാനത്താവളങ്ങൾ വഴി ഫുഡ് പ്രൊഡക്റ്റുകൾക്കുള്ളിലും, ഫ്ലാസ്കുകൾക്കുള്ളിലുമാക്കി കേരളത്തിലേക്ക് കടത്തി കച്ചവടം ചെയ്ത് വരികയായിരുന്നു. വിദേശത്തായിരുന്ന ഇയാൾ കേരളത്തിലെത്തിയതായി മനസ്സിലാക്കിയതിനെ തുടർന്ന് മട്ടാഞ്ചേരി പോലീസ് മലപ്പുറത്തെത്തി കൊണ്ടോട്ടി DANSAF ന്റെയും, കൊച്ചി സിറ്റി സൈബർ സെല്ലിന്റെയും സഹായത്തോടെ, ഇയാളെ വിദഗ്ദമായി ഇന്നലെ പിടികൂടുകയായിരുന്നു. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി IPS, മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണർ ഉമേഷ് ഗോയൽ IPS, നാർകോട്ടിക് സെൽ അസ്സിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ സലാം കെ. എ, മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിബിൻ കെ. എ എന്നിവരുടെ നിർദ്ദേശാനുസരണം സബ്ബ് ഇൻസ്പെകടർ ജിമ്മി ജോസ്, സബ്ബ് ഇൻസ്പെകർ മിഥുൻ അശോക്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എഡ്വിൻ റോസ്, ധനീഷ്, അനീഷ്, സിവിൽ പോലീസ് ഓഫീസർ ബേബിലാൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Leave a Reply