ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് സിവിൽ സ്റ്റേഷനിലെ റീസർവേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് സീനിയർ ക്ലർക്ക് അബ്ദുൾ നിസാർ അർഹനായിരിക്കുകയാണ്
കേൾവി ശക്തി പൂർണമായും നഷ്ടപ്പെട്ട നിസാർ പരിമിതികൾ അതിജീവിച്ച് കാഴ്ച്ച വയ്ക്കുന്ന മികച്ച പ്രവർത്തനമാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്. കുമാരപുരം പള്ളിക്കര സ്വദേശിയാണ്. കേൾവി ശക്തി കുറഞ്ഞവരുടെ വിഭാഗത്തിലാണ് 52 കാരനായ അബ്ദുൾ നിസാറിനെ തിരഞ്ഞെടുത്തത്.
1996 ലാണ് നിസാർ റവന്യൂ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റായി ജോലിയിൽ പ്രവേശിച്ചത്. 2008 ൽ ക്ലാർക്കായി. 65 ജീവനക്കാരുടെ ശമ്പളം, പ്രൊവിഡന്റ് ഫണ്ട് , മെഡിക്കൽ റീ ഇംപേഴ്സ്മെന്റ്, ടി എ ബില്ലുകൾ, ഓഫീസിലെ കണ്ടിജൻറ് ബില്ലുകൾ, ശമ്പള സർട്ടിഫിക്കറ്റ്, ശമ്പള റിക്കവറി എന്നിവ അടങ്ങിയ ഓഫീസിലെ ഏറ്റവും പ്രധാനപ്പെട്ട സെക്ഷൻ ആയ എ 2 സെക്ഷന്റെ ചുമതലയാണ് വഹിക്കുന്നത്.
ബധിര ക്ഷേമ രംഗത്തും നിസാർ മാതൃകാ പരമായ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. ബധിര ക്ഷേമ രംഗത്തെ സംസ്ഥാനതല സംഘടനയായ ഓൾ കേരള ഫെഡറേഷൻ ഓഫ് ദി ഡഫ് ന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി 14 വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ഏറ്റവും മികച്ച സംഘടനയായി എകെഎഡി തിരഞ്ഞെടുക്കപ്പെട്ടു ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി സുബോധ് കാന്ത് സഹായിൽ നിന്നും അവാർഡും ഏറ്റുവാങ്ങി.
നിലവിൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ദി ഡഫ് ദേശീയ നിർവാഹകസമിതി അംഗമായും സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ ഫ്ലാറ്റ്ഫോം ഫോർ റൈറ്റ്സ് ഓഫ് ദി ഡിസേബിൾഡിന്റെ ദേശീയ സമിതി അംഗമായും പ്രവർത്തിക്കുന്നു. സ്റ്റേറ്റ് അഡ്വൈസറി ബോർഡ് ഓൺ ഡിസബിലിറ്റീസ് അംഗം എ ഷൺമുഖവുമായി ചേർന്ന് സംസ്ഥാനത്തെ ഭിന്നശേഷി നയത്തിന്റെ കരട് രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
Leave a Reply