കളമശ്ശേരി : കളമശ്ശേരി HMT ജംഗ്ഷനിൽ വെച്ച് ബസ് കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിൽ. കളമശ്ശേരി, ഗ്ലാസ്സ് ഫാക്ടറി കോളനി, ചാമപറമ്പിൽ വീട്ടിൽ ബിജു മകൻ മിനൂപ് (വയസ്സ് – 28) എന്നയാളെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പരിധിയിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ പൊക്സോ, സ്ത്രീകൾക്കെതിരെയുള്ള അക്രമം, പബ്ലിക് സെർവന്റിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നിന്നു യാത്രക്കാരുമായി വന്ന ‘അസ്ത്ര’ ബസ്സിലെ കണ്ടക്ടർ ആയിരുന്ന ഇടുക്കി രാജകുമാരി കഞ്ഞിക്കുഴി മറ്റത്തിൽ വീട്ടിൽ അനീഷ് പീറ്ററിനെ (25) ആണ് കൊലപ്പെടുത്തിയത്. എച്ച്എംടി ജംക്‌ഷനിൽ ഇരുചക്രവാഹനത്തിൽ എത്തിയ പ്രതി, ജുമാമസ്ജിദിനു സമീപം ബസ് നിർത്തിയ സമയം ബസ്സിന്റെ പിൻവാതിലിലൂടെ കയറി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തി പരിക്കേൽപ്പിച്ചശേഷം പ്രതി ബസ്സിൽ നിന്നും ചാടി ഇറങ്ങി സമീപത്തുള്ള ഇടവഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റുവീണ അനീഷിനെ ഉടൻതന്നെ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിനൂപും ഭാര്യയും ഏറെ നാളുകളായി പിരിഞ്ഞ് താമസ്സിച്ചുവരികയായിരുന്നു. മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്നയുടൻ കൊച്ചി സിറ്റി ഡിസിപി ലോ & ഓർഡർ K S സുദർശൻ ഐപിഎസ്, തൃക്കാക്കര അസ്സി: കമ്മീഷണർ ഓഫ് പോലീസ് ബേബി, കളമശ്ശേരി ഇൻസ്പെക്ടർ ലത്തീഫ് എം ബി എന്നിവരുടെ നേതൃത്വത്തിൽ സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. സിസിടിവിയും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി ട്രയിൻ മാർഗം കടന്നുകളയുവാന്‍ സാദ്ധ്യതയുണ്ടെന്ന് മനസ്സിലാകിയ പോലീസ് റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും അന്വേഷണം ഊർജിതമാക്കി. കളമശ്ശേരി റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ദൂരെ വെച്ച് പോലീസ് സംഘത്തെ കണ്ട പ്രതി അവിടെ നിന്നും ഓടി രക്ഷപ്പെടുകയും, പിന്നീട് മുട്ടം പടിഞാറ് വശത്തുള്ള ഒരു പുഴയിൽ ചാടി രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടെ പോലീസ് സംഘം മറുകരയിൽവെച്ച് പ്രതിയെ സാഹസികമായി പിടികൂടുകയുമായിരുന്നു. കളമശ്ശേരി സബ് ഇൻസ്പെക്ടർമാരായ സിങ് സി ആർ , സെബാസ്റ്റ്യൻ പി ചാക്കോ, വിഷ്ണു വി എന്നിവരും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ബഹു: ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, കളമശ്ശേരിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Reply