കൊച്ചി : അന്തർ സംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ. കാസർകോട് ചെറുവത്തൂർ കോരപ്പറമ്പ് വീട്ടിൽ സിദ്ദിഖ് (48 ), കാസർഗോഡ് ബേക്കൂർ കുബനൂർ ദർജാൽ വീട്ടിൽ കെ പി അബൂബക്കർ സിദ്ധീഖ് (41 ), കണ്ണൂർ മാടായി കിനാക്കുൾ വീട്ടിൽ ഷാജിദ് (സോഡാ ബാബു) (47) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. 2023ൽ നെട്ടൂർ സ്വദേശിയുടെ മാരുതി സ്വിഫ്റ്റ് കാർ മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മോഷണത്തെ തുടർന്ന് അന്ന് തന്നെ ഹൈവേ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷണ ശേഷം ഫോൺ ഉപേക്ഷിക്കുന്ന രീതിയായിരുന്നതിനാൽ പ്രതികളെ പിടികൂടുവാൻ വളരെയേറെ പ്രയാസകരമായിരുന്നു . മോഷ്ടിച്ചെടുത്ത വാഹനം കാസർഗോഡ് എത്തിച്ച് മൂന്നാം പ്രതിയുമായി ചേർന്ന് വാഹനം വിൽക്കുന്നതിനും പൊളിക്കുന്നതിനുമായി ഗൂഢാലോചന നടത്തി ഒന്നര ലക്ഷം രൂപയ്ക്ക് വാഹനം വിൽക്കുകയും തുടർന്ന് വാഹനങ്ങൾ പൊളിച്ചു വിൽക്കുകയും ആയിരുന്നു. നിരവധി മോഷണ മേഖലയുമായി ബന്ധപ്പെട്ട് കാർ മോഷ്ട്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും, ജയിലും ,ജയിലിലെ പ്രതികളുമായി നടത്തിയ നിരന്തര സമ്പർക്കങ്ങളിൽ നിന്നുമാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത് . അങ്ങനെ ജയിലിൽ നിന്നിറങ്ങിയ ഒരു പ്രതിയിൽ നിന്ന് കിട്ടിയ സൂചനയുടെ തുടർന്നാണ് ഒന്നാം പ്രതിയെ കണ്ടെത്താൻ സാധിച്ചത്. കേരളത്തിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുപോകുന്ന കാറുകൾ മേട്ടുപ്പാളയത്ത് കൊണ്ടുപോയി പൊളിച്ചു വിൽക്കുന്ന രീതിയാണ് ഇവർക്കുണ്ടായിരുന്നത്. തമിഴ്നാട്ടിൽ ഇതിനായി പ്രത്യേക സംഘങ്ങൾ തന്നെയുണ്ട്. മോഷണത്തിന് പുറമെ ചന്ദനക്കടത്ത്, ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലും ഇവർ പ്രതികളാണ്. ഈ സംഘങ്ങളിൽ കൂടുതൽ പേരുണ്ടോ എന്നും അന്വേഷിച്ചു വരുകയാണ്. പനങ്ങാട് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ മുനീർ എം എം ,എ എസ് ഐ രാജീവ് വി ആർ , പോലീസ് ഉദ്യോഗസ്ഥരായ അരുൺരാജ് ,ശ്രീജിത്ത് എം ,അനീഷ് ടി ആർ ,സുനിൽ കുമാർ കെ എസ് ,സുജിത് പി എസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


Leave a Reply