കുമ്പളം : പനങ്ങാട് കുമ്പളത്ത് നൈറ്റ് കടയിൽ വെച്ച് യുവാവിനെ ആളുമാറി ആക്രമിച്ച സംഭവത്തിലെ പ്രതികളെ പനങ്ങാട് പോലീസ് പിടികൂടി. പനങ്ങാട് ചേപ്പനം കടമ്പള്ളിൽ വീട്ടിൽ ആദർശ് കൃഷ്ണൻ (24) തൃപ്പൂണിത്തുറ ഏരൂർ സ്വദേശി പറമ്പിൽ വീട്ടിൽ ആദിത്യൻ (19) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കുമ്പളത്ത് നൈറ്റ് കടയിൽ ചായ കുടിക്കാൻ എത്തിയ കുമ്പളം സ്വദേശിയായ യുവാവിനെ യാതൊരു വിധ പ്രകോപനം ഇല്ലാതെയാണ് ഇവർ ആക്രമിച്ചത്. അക്രമണത്തിൽ പകച്ചു പോയ ഇയാൾ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കല്ലുകൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് സ്ഥലം വിട്ട പ്രതികളെ മണിക്കൂറുകൾക്ക് അകമാണ് പനങ്ങാട് പോലീസ് പിടികൂടുന്നത്. ഇതിൽ ഒന്നാംപ്രതി ആദർശ് തട്ടിക്കൊണ്ടുപോകൽ, അടിപിടി, കഞ്ചാവ് ഉപയോഗം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കൂടാതെ രണ്ടാംപ്രതി ആദിത്യൻ അമ്പലമേട്, എടത്തല തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലെ മോഷണ കേസിലെ പ്രതിയുമാണ്. പനങ്ങാട് SHO വിപിൻ ദാസിന്റെ നേതൃത്വത്തിൽ SI റഫീഖ്, പോലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, ശ്രീജിത്ത് എം, രജീഷ് ഉപേന്ദ്രൻ അരവിന്ദ് കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. വധശ്രമത്തിനു കേസെടുത്ത ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Leave a Reply