കൊച്ചി : മട്ടാഞ്ചേരി സ്വദേശി അനു എന്ന് വിളിക്കുന്ന അൻസാം (28 വയസ്സ്) എന്നയാളെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ കഴിഞ്ഞ നവംബർ മാസം കാപ്പ ചുമത്തി നാടുകടത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നതാണ്. ഏറണാകുളം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ 6 മാസ കാലത്തേക്ക് കടക്കുവാനോ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുവാനോ പാടില്ല എന്നുള്ളതായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവ് ലംഘിച്ച് കൊണ്ട് ഇയാൾ ഡിസംബർ മാസം മട്ടാഞ്ചേരിയിൽ കാണപ്പെട്ടതിനെ തുടർന്ന് പോലീസ് പിടികൂടുകയും, പോലീസ് വാഹനത്തിൽ കയറ്റിയപ്പോൾ അക്രമാസക്തനായ പ്രതി തലകൊണ്ട് വാഹനത്തിന്റെ ചില്ല് തകർക്കുകയും, തുടർന്ന് ഇയാൾക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്തിരുന്നതുമാണ്. എന്നാൽ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും കാപ ഉത്തരവ് ലംഘിച്ച് മട്ടാഞ്ചേരി ഭാഗത്ത് വരുന്നതായി പോലീസിന് സൂചന കിട്ടിയതിനെ തുടർന്ന് മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഉമേഷ് ഗോയൽ IPS ന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് സ്റ്റേഷ൯ ഇന്‍സ്പെക്ടര്‍ ഷിബിൻ കെ.എ യുടെ നേതൃത്വത്തിൽ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ മട്ടാഞ്ചേരി ഭാഗത്ത് കാണപ്പെട്ട ഇയാളെ എസ്. ഐ മാരായ ജിമ്മി ജോസ്, രാജീവ്. കെ. എം, ജയപ്രസാദ്, അജിത്ത്കുമാർ, സിവിൽ പോലീസ് ഓഫീസർ അഫ്സൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മട്ടാഞ്ചേരി സ്വദേശിയായ അൻസാം മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെയും കൊച്ചി സിറ്റിയിലെ മറ്റു സ്റ്റേഷനുകളിലെയും മോഷണം, ദേഹോപദ്രവം, കവർച്ച, മുതലുകൾ നശിപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ളയാളാണ്. പല തവണ ജയിലില്‍ കിടന്നിട്ടുള്ളതും ശിക്ഷ അനുഭവിച്ചിട്ടുള്ളതുമായ ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരികയും തുടർന്ന് ഇയാളെ കാപ നിയമ പ്രകാരം 6 മാസത്തേക്ക് നാടുകടത്തുകയുമായിരുന്നു. തുടർന്നും ഇത്തരം ഗുണ്ടകൾക്കെതിരെയും മറ്റ് കുറ്റവാളികൾക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS അറിയിച്ചു.


Leave a Reply