പാലാരിവട്ടം: പാലാരിവട്ടത്തുള്ള ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയെ റൂമിൽ അതിക്രമിച്ച് കയറി കടന്നുപിടിച്ച പ്രതിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാട്ടൂർ സ്വദേശിയും ഇപ്പോൾ ആലുവ കുഴിവേലിപ്പടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോയിൽപറമ്പിൽ വീട്ടിൽ യേശുദാസ്സ് മകൻ 39 വയസ്സുള്ള റോബിൻ ദാസാണ് അറസ്റ്റിലായത്. പാലാരിവട്ടം മെട്രോസ്റ്റേഷനടുത്തുള്ള ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയോടാണ് പ്രതി ലൈംഗികാതിക്രമം കാണിച്ചത്. മെയ് 12-ാം തീയതി പുലർച്ചെ 04.00 മണിയോടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ പ്രതി ഹോസ്റ്റൽ റൂമിൽ ഉറങ്ങികിടന്ന യുവതിയെ ബലമായി കടന്നു പിടിക്കുകയ്യം പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഉറക്കത്തിൽ നിന്നുമുണർന്ന യുവതി ഒച്ചവെക്കാൻ ശ്രമിക്കവേ പ്രതി ഹോസ്റ്റലിൽ നിന്നും ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത പാലാരിവട്ടം പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സംഭവ ദിവസത്തെ ലേഡീസ് ഹോസ്റ്റലിലേയും അടുത്തുള്ള പ്രദേശങ്ങളിലേയും ഉൾപ്പടെ ഇരുന്നൂറോളം സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. സൈബർ സെല്ലിൻെറ സഹായത്തോടെ ഇടപ്പള്ളി ഭാഗത്തു നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം എറണാകുളം എസിപി സുരേഷ് കെ ജി, പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനൂപ് എ എന്നിവരുടെ മേൽ നോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ഹരിശങ്കർ ഒ. എസ്സ്, അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ അബിൻ ഗംഗ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ പത്മൻ, ജിപിൻ ലാൽ, സിവിൽ പോലീസ് ഓഫീസറായ നസീറ .എ എന്നിവരുണ്ടായിരുന്നു.


Leave a Reply