കൊച്ചി : കൊച്ചി സിറ്റിയിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വന്നിരുന്ന തിരുവനന്തപുരം ജില്ല, പേട്ട വില്ലേജിൽ പളളികുളങ്ങര മാനവനഗർ വയലിൽ വീട്ടിൽ നിന്നും എറണാകുളം സിറ്റി, പാലാരിവട്ടം, മാമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന ലാലു മകൻ 26 വയസ്സുളള പാഞ്ചാലി കണ്ണൻ എന്നു വിളിക്കുന്ന കണ്ണൻ എന്നയാളെയാണ് കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം ജയിലിലടച്ചത്. എറണാകുളം ജില്ലയിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപ പോലീസ് സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായിട്ടുളളയാളാണ് കണ്ണൻ. നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് വന്നിരുന്ന പ്രതി അക്രമം കാട്ടി എന്തും ചെയ്യാൻ മടിയില്ലാത്തയാളും പൊതുജനങ്ങളെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുക, കൊലപാതക ശ്രമം, നരഹത്യാശ്രമം അടിപിടി തുടങ്ങി 11 ഓളം കേസുകളിൽ പ്രതിയായിട്ടുളളയാളുമാണ്. നിലവിൽ കഴിഞ്ഞ വർഷം വിഷു ദിവസം രാത്രി സൗത്ത് ഭാഗത്ത് വച്ച് രണ്ട് പേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നതും, ടിയാനെതിരെ കാപ്പ പ്രകാരം നടപടി സ്വീകിരച്ച് ആറ് മാസകാലത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നതുമാണ്. എന്നാൽ കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ ശേഷം ടിയാൻ വീണ്ടും വാഹന മോഷണ കേസുകളിൽ ഉൾപ്പെടുകയും ടിയാനെ അറസ്റ്റ് ചെയ്ത് റിമാൻറിൽ പാർപ്പിച്ച് വരികയാണ്. കാപ്പ കരുതൽ തടങ്കലിന് ശേഷവും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്നാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതിക്കെതിരെ കാപ്പ പ്രകാരം റിപ്പോർട്ട് തയ്യാറാക്കി അയക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഷഹൻഷാ ഐ.പി.എസ് ടിയാനെതിരെ കാപ്പ പ്രകാരം കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവിറക്കിയത്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പ്രതിയെ 24.03.2026 തിയതി സെൻട്രൽ പോലീസ് ഇൻസ്പെക്ടർ ജിജോ എം. ജെ യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിട്ടുളളതാണ്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തന്നെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി പാർപ്പിക്കുന്നതാണ്.


Leave a Reply