എറണാകുളം : ആൺ സുഹൃത്തിനെ കത്തി കാണിച്ചു മുൾമുനയിൽ നിർത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കുറ്റവാളികൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതികളായ കൊല്ലം ചാത്തന്നൂർ സ്വദേശി രാഹുൽ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28)എന്നിവരാണ് പോലീസ് പിടിയിലായത്. 5/5/26 തീയതി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് എതിർവശമുള്ള കാടുപിടിച്ചു കിടക്കുന്ന ഒരു ഹോട്ടൽ സമുച്ചയത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്, രാത്രി 9 മണിയോടുകൂടി സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ എത്തിയ സുഹൃത്തുക്കളായ യുവാവും, യുവതിയും മഴ നനയാതിരിക്കുവാൻ ഈ കെട്ടിടത്തിനുള്ളിൽ കയറുകയും മഴമുറുകിയപ്പോൾ അവർ മുകളിലത്തെ നിലയിലേക്ക് കയറി നിന്നു. ആ സമയം പ്രതികൾ ഈ കെട്ടിടത്തിൽ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുകളിലേക്ക് പോയ സുഹൃത്തുക്കൾ ഇവർ ഇരിക്കുന്നത് കണ്ടില്ലായിരുന്നു. ഇവർ പോയതിനെ പിറകെ പ്രതികളും മുകളിലേക്ക് പോയി . അവിടെവച്ച് ആണ് സുഹൃത്തിനെ മർദ്ദിക്കുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും തുടർന്ന് പരാതിക്കാരിയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് യുവതി പ്രതികളിൽ ഒരാളുടെ കയ്യിൽ കടിച്ചതിനുശേഷം അവിടെ നിന്ന് ആൺ സുഹൃത്തുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ആ സമയം തന്നെ അവർ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. തത്സമയം തന്നെ പോലീസ് അവിടെ എത്തുകയും ചെയ്തു. ഈ സമയം പ്രതികൾ അവിടെ നിന്നും രക്ഷപ്പെട്ടു പോയിരുന്നു. സംഭവത്തിനു ശേഷം കടുത്ത മാനസിക സംഘർഷത്തിൽ ആയ യുവതി പരാതി നൽകാൻ വിമുഖത കാണിച്ചുവെങ്കിലും, എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രേമാനന്ദ കൃഷ്ണ മുൻകൈയെടുത്ത് പ്രത്യേക കൗൺസിലിംഗ് നൽകുകയും തുടർന്ന് പിറ്റേന്ന് ഉച്ചയോടെ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു. സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത്, സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആരാണ് പ്രതികൾ എന്നതിന് യാതൊരു തെളിവുകളും ഇല്ല എന്നുള്ളതായിരുന്നു പോലീസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. കുറ്റകൃത്യം നടന്ന കെട്ടിടത്തിൽ സിസിടിവി ക്യാമറ ഒന്നും ഉണ്ടായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ ഒരാൾ സഞ്ചരിച്ച ബൈക്കിൽ നിന്നുമാണ് കേസിന്റെ നിർണായക വിവരം ലഭിക്കുന്നത്. ആ ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. പ്രതികൾ വീടുകളിൽ കയറാതെ ആളൊഴിഞ്ഞ വീടുകളിൽ താമസിക്കുന്ന ആളുകളാണ്. പിടിയിലായ രണ്ടു പ്രതികൾക്കും മുൻപ് പത്തിലേറെ കേസുകൾ ഉണ്ട്. മുഖ്യപ്രതിയായ ഡാനിഷ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട് ഓടി കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും പുറകെ എത്തിയ പോലീസ് ഇയാളെ പിടികൂടുകയാണ് ഉണ്ടായത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഹരികൃഷ്ണൻ, രാംലാൽ, ഷാജി, സുബോധ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോളി, എസ് സി പി ഓ രാജീവ്, മനീഷ് സി പി ഓ മാരായ ഉണ്ണികൃഷ്ണൻ, ഹരീഷ്, വിജേഷ്, എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Leave a Reply